പാപ്പാ:ഐക്യത്തിന്റെ പാലങ്ങൾ പണിയാം - vatican news

feature-image

Play all audios:

Loading...

സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച ബൂഡാപെസ്റ്റ് മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യുമെനിക്കൽ സഭകളുടെയും ഹങ്കറിയിൽ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ


നൽകിയ സന്ദേശം. സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയിൽ എക്യുമെനിക്കൽ സഭകളുടെയും ഹങ്കറിയിൽ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികൾ പറഞ്ഞ


കരുണാർദ്രമായ വാക്കുകൾക്കും സാന്നിധ്യത്തിനും നന്ദി പറഞ്ഞ പാപ്പാ അവരെ കണ്ടുമുട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും,  അവരുടെ വാക്കുകളും സാന്നിധ്യവും ഐക്യത്തിനായുള്ള വലിയ ആഗ്രഹത്തിന്റെ


അടയാളങ്ങളാണെന്നും വെളിപ്പെടുത്തി. ഈ അടയാളങ്ങൾ കഴിഞ്ഞ കാലങ്ങളിൽ അത്ര സുലഭമല്ലാത്ത ഒരു യാത്രയെ കുറിച്ച് നമ്മോടു പറയുന്നുവെങ്കിലും ഐക്യത്തോടെ വസിക്കുന്ന സഹോദരീ സഹോദരങ്ങളെ അനുഗ്രഹിക്കുന്ന


അത്യുന്നതനായ ദൈവത്തിന്റെ മുന്നിൽ  പരസ്പരം പിന്തുണയ്ക്കുകയും ധീരതയോടും നല്ല മനസ്സോടും കൂടെ ആ യാത്രയെ അവർ ഏറ്റെടുക്കുകയും ചെയ്തുവെന്നും പാപ്പാ അവരോടു പങ്കുവെച്ചു. ഐക്യത്തിനായുള്ള അവരുടെ


തുടർയാത്രയെ അനുഗ്രഹിക്കുന്നുവെന്നു സൂചിപ്പിച്ച പാപ്പാ, മൂന്നു മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് പ്രാർത്ഥിക്കാനും, പരിചിന്തനം ചെയ്യാനും ആ രാജ്യത്തിന്റെ ആത്മീയതയുടെ ഹൃദയമിടിപ്പായ പനോൻ ഹൽമയിലെ


സന്യാസി മഠത്തിൽ അവർ സമ്മേളിച്ചതും പാപ്പാ അനുസ്മരിച്ചു. നമ്മുടെ പിതാവായ അബ്രഹാത്തിന്റെ വിശ്വാസത്തിൽ നിന്നുള്ള എന്റെ സഹോദരന്മാരെ എന്ന് അവരെ അഭിസംബോധന ചെയ്ത പാപ്പാ കഴിഞ്ഞ കാലങ്ങളിൽ മനുഷ്യരെ


വേർതിരിച്ച മതിലുകളെ തകർക്കാനുള്ള  അവരുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യഹൂദരും, ക്രൈസ്തവരും ഒരുപോലെയാണെന്നും അവർ പരസ്പരം അപരിചിതരല്ല സുഹൃത്തുക്കളാണെന്നും; ശത്രുക്കളല്ല


സഹോദരീസഹോദരന്മാരാണെന്നും കാണാൻ  അവർ ശ്രമിക്കുന്നുവെന്നു ചൂണ്ടികാണിച്ച പാപ്പാ അവരുടെ വ്യത്യസ്തമായ ഈ  കാഴ്ചപ്പാട് ദൈവം അനുഗ്രഹിച്ചതും പുതിയ തുടക്കങ്ങൾ സാധ്യമാക്കുന്ന ഒരു പരിവർത്തനം നവജീവിതം


കൊണ്ടുവരുന്ന ഒരു ശുചീകരണ പ്രക്രിയയുമാണെന്ന് തന്റെ സന്ദേശത്തിൽ പറഞ്ഞു. റോഷ് ഹഷാനാഹിന്റെയും, യോം കിപ്പൂരിന്റെയും ഭക്തിനിർഭരമായ ആഘോഷങ്ങളെ അടയാളപ്പെടുത്തുന്ന ഈ ദിവസങ്ങൾ അനുഗ്രഹത്തിന്റെ


നിമിഷങ്ങളും, ആത്മീയ നവീകരണത്തിനുള്ള ക്ഷണവുമായിരിക്കട്ടെ  എന്നാശംസിക്കുകയും ചെയ്തു. തരിശ്ശായ മരുഭൂമികളിൽ നിന്നും സഹവാസ ഭൂമിയിലേക്ക്   നമ്മുടെ പിതാക്കന്മാരുടെ ദൈവം നമ്മെ എപ്പോഴും പുതിയ


ദിശകളിലേക്ക് നയിക്കുന്നു. വാഗ്ദത്ത ഭൂമിയിലേക്കുള്ള പാതയാക്കി മരുഭൂമിയെ മാറ്റിയത് പോലെ കയ്പ്പിന്റെയും നിസ്സംഗതയുടെയും തരിശ്ശായ മരുഭൂമികളിൽ നിന്നും നാം ആഗ്രഹിക്കുന്ന സഹവാസ ഭൂമിയിലേക്ക് നമ്മെ


കൊണ്ട് വരാൻ അവിടുന്നു ആഗ്രഹിക്കുന്നു. ദൈവത്തെ പിന്തുടരാ൯ വിളിക്കപ്പെട്ട എല്ലാവരും എപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്ത ദേശങ്ങളിലേക്കും അപരിചിതമായ സ്ഥലങ്ങളിലേക്കും ഒരു യാത്ര പുറപ്പെടേണ്ടത്


യാദൃശ്ചികം അല്ലെന്ന് നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണുവാൻ കഴിയും. വീടും, കുടുംബവും ഉപേക്ഷിച്ചു പോകേണ്ടി വന്ന അബ്രഹാമിനെ ഓർമ്മപ്പെടുത്തിയ പാപ്പാ ദൈവത്തെ അനുഗമിക്കുന്ന എല്ലാവരും ചില കാര്യങ്ങളെ


ഉപേക്ഷിക്കേണ്ടിവരുമെന്നും നമ്മുടെ ഭൂതകാലത്തെ  തെറ്റിധാരണകളെയും, മറ്റുള്ളവർ  തെറ്റായി കാണുമ്പോൾ ശരിയാണെന്നുള്ള നമ്മുടെ അവകാശവാദങ്ങളെയും ഉപേക്ഷിക്കാൻ നമ്മോടു ആവശ്യപ്പെടുന്നുണ്ടെന്നും 


ദൈവത്തിന്റെ സമാധാനം വാഗ്ദാനം ചെയ്യുന്ന ദേശത്തിലേക്ക് നയിക്കുവാനുള്ള പാത സ്വീകരിക്കുവാൻ നമ്മോടും ആവശ്യപ്പെടുന്നുണ്ടെന്നും കാരണം കര്‍ത്താവിന്റെ പദ്ധതികൾ നമ്മുടെ നിർഭാഗ്യത്തിനുള്ളതല്ല, മറിച്ച്


സമാധാനത്തിന്റെ പദ്ധതിയാണെന്നും-(ജറെ.29:11) പാപ്പാ പ്രഭാഷണത്തിൽ വ്യക്തമാക്കി. പാലത്തിന്റെ ചങ്ങലകൾ പോലെ ഒരുമിക്കാം ഈ നഗരത്തിന്റെ രണ്ടു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചങ്ങല പാലത്തിന്റെ ആകർഷണീയമായ


ചിത്രത്തെക്കുറിച്ച് അവരുമായി പരിചിന്തനം ചെയ്യാൻ താൻ  ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയ പാപ്പാ ആ പാലം രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളെയും ഒന്നിപ്പിക്കുന്നില്ല മറിച്ച് അവയെ ഒരുമിപ്പിച്ച്


നിർത്തുന്നു എന്നും അതുപോലെ നമ്മുടെ കാര്യങ്ങളിലും ഈ ഒരുമിപ്പിക്കലുണ്ടാകണമെന്നും പാപ്പാ പ്രബോധിപ്പിച്ചു. മറ്റൊന്നിനെ ആഗിരണം ചെയ്യാൻ നാം പ്രലോഭിപ്പിക്കപെടുമ്പോഴെല്ലാം പണിയുന്നതിനു പകരം നാം  


പൊളിച്ചു മാറ്റുകയായിരുന്നു. അല്ലെങ്കിൽ മറ്റുള്ളവരെ ഉൾപ്പെടുത്തുന്നതിനു പകരം അവരെ ന്യൂനപക്ഷമായി അകറ്റിനിർത്തുകയായിരുന്നു. ചരിത്രത്തിലുടനീളം ഇത് പല തവണ സംഭവിച്ചിട്ടുണ്ട്. അത് ഒരിക്കലും


ആവർത്തിക്കാതിരിക്കാൻ നാം ജാഗരൂകരായിരുന്നു പ്രാർത്ഥിക്കണമെന്നു പാപ്പാ നിർദ്ദേശിച്ചു. ഒരുമിച്ച് സാഹോദര്യത്തിൽ വിദ്യാഭ്യാസം വളർത്തിയെടുക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാകുക. അങ്ങനെ സാഹോദര്യത്തെ


തകർക്കുന്ന വിദ്വേഷത്തിന്റെ സ്ഫോടനം ഒരിക്കലും നിലനിൽക്കുകയില്ല. പാപ്പാ വ്യക്തമാക്കി. തുടർന്ന്, യൂറോപ്പിലും മറ്റും യഹൂദവിരോധത്തിന്റെ ഭീഷണി പതുങ്ങിയിരിക്കുന്നുവെന്നു താൻ ഇപ്പോൾ ചിന്തിക്കുന്നു


എന്ന് പറഞ്ഞ പാപ്പാ അത്  പ്രകാശിക്കാൻ  അനുവദിക്കാത്ത ഒരു ഫ്യുസാണെന്നും അതിനെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരുമിച്ചു ക്രിയാത്മകമായി സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും


പാപ്പാ അടിവരയിട്ട് പറഞ്ഞു. പാലം പഠിപ്പിക്കുന്ന പാഠങ്ങൾ പാലം നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠം ഉണ്ട്. വളയങ്ങൾ കൊണ്ട് നിർമ്മിച്ച വലിയ ചങ്ങലകൾ പാലത്തിന് താങ്ങായി നിൽക്കുന്നു. നമ്മളും


വളയങ്ങളാണ്. നമ്മുടെ ഉറപ്പു ചങ്ങലയ്ക്ക് അത്യന്താപേക്ഷിതമാണ്. പരസ്പരം അറിയാനുള്ള ശ്രമം നടത്താതെ, സംശയത്തിനും സംഘർഷത്തിനും ഇരയായി  വേർപിരിഞ്ഞകന്ന് ജീവിക്കാൻ നമുക്കിനി കഴിയുകയില്ല. പാലം


ഒന്നിപ്പിക്കുന്നു, അതുപോലെ വിശുദ്ധ ഗ്രന്ഥത്തിൽ അടിസ്ഥാനമായ ഉടമ്പടി എന്ന ആശയത്തെ പാലം നമ്മെ അനുസ്മരിപ്പിക്കുന്നു. വിഘടനവാദത്തിനോ പക്ഷപാതപരമായ താല്പര്യങ്ങൾക്കോ വഴങ്ങരുത് എന്ന് ഉടമ്പടിയുടെ  


ദൈവം നമ്മോടു ആവശ്യപ്പെടുന്നു. ചിലരുടെ ചെലവിൽ ചിലരുമായി നമ്മൾ സഖ്യമുണ്ടാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. മറിച്ച് വ്യക്തികളും സമൂഹങ്ങളും എല്ലാവരുമായും കൂട്ടായ്മയുടെ പാലങ്ങളായിരിക്കണം എന്ന്


ദൈവം ആഗ്രഹിക്കുന്നു. ഭൂരിപക്ഷം മതങ്ങളെ പ്രതിനിധീകരിക്കുന്ന ഈ രാജ്യത്തിലെ നിങ്ങൾ മത സ്വാതന്ത്ര്യത്തിലൂടെ എല്ലാവരെയും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള സാഹചര്യങ്ങൾ


പരിപോഷിപ്പിക്കുന്നതിനും  ഉത്തരവാദികളാണ്. അങ്ങനെ നിങ്ങൾ എല്ലാവർക്കും മാതൃകയാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. മതനേതാക്കളുടെ അധരങ്ങളിൽനിന്നു ഭിന്നിപ്പിക്കുന്ന വാക്കുകൾ വരുന്നുവെന്ന് ഒരിക്കലും


ആരും പറയാൻ ഇടയാകരുത്.  തുറവുള്ളതും സമാധാനപരവുമായ വചനങ്ങൾ മാത്രമാണ് ഉരുവിടേണ്ടത്. നിരവധി സംഘർഷങ്ങളാൽ കീറി മുറിക്കപ്പെട്ട നമ്മുടെ ലോകത്തിൽ സമാധാനത്തിന്റെയും ഉടമ്പടിയുടെയും ദൈവത്തെ അറിയാൻ


കൃപലഭിച്ചവരുടെ ഭാഗത്തുനിന്നുള്ള ഏറ്റവും നല്ല സാക്ഷ്യമാണിത്‌. ഈ രാജ്യത്തുള്ള ചങ്ങലപാലം ഏറ്റവും പ്രശസ്തമായത് എന്ന് മാത്രമല്ലാ ഏറ്റവും പഴക്കമുള്ളതുമാണ്. അതിലൂടെ തലമുറകളും കടന്നുപോയിട്ടുണ്ട്. ഈ


യാഥാർത്ഥ്യം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. സഹനങ്ങളും,പ്രതീക്ഷ നഷ്ടപ്പെട്ട ഇരുണ്ട നിമിഷങ്ങളും, തെറ്റിദ്ധാരണകളും, പീഡനങ്ങളും നേരിടാം. എന്നാൽ ആഴമേറിയ തലത്തിൽ നമുക്ക്  ഒരു


വലിയ പങ്കുവെക്കലിന്റെ ആത്മീയ പാരമ്പര്യം കാണാൻ കഴിയും.  അത് ഈ വിലയേറിയ പാരമ്പര്യത്തിന് നമ്മെ ഒരുമിപ്പിച്ച് വ്യത്യസ്തമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കാൻ കഴിയും. വിദ്വേഷത്തിന്റെ


ഇരുട്ടിനെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ പ്രകാശിപ്പിച്ച മഹാകവി മിക്ളോസ് റദ്നോട്ടി ഈ ലോകത്തിന്റെ അന്ധകാരത്തിലേക്ക് പ്രകാശം വീശിയ ദൈവത്തിന്റെ സ്നേഹിതരായ  എല്ലാവരുടെയും ചിന്തകൾ തന്നെ


ആവേശഭരിതനാക്കിയെന്നു സൂചിപ്പിച്ച പാപ്പാ ആ രാജ്യത്തിന്റെ മഹാകവിയായ മിക്ളോസ് റദ്നോട്ടിയെ കുറിച്ച് പരമർശിച്ചു. യഹൂദകുലത്തിൽ  ജനിച്ചു  എന്ന  കാരണം കൂടാതെ മറ്റൊരു കാരണവും കാണാൻ കഴിയാത്ത


സാഹചര്യത്തിൽ ആദ്യം അദ്ദേഹത്തെ അധ്യാപനത്തിൽ നിന്ന് തടയുകയും തുടർന്ന് സ്വന്തം കുടുംബത്തിൽ നിന്ന്  വേർപെടുത്തുകയും ചെയ്തവരുടെ അന്ധമായ വിദ്വേഷം അദ്ദേഹത്തിന്റെ സമർത്ഥമായ ജീവിതഗതിയെ


വെട്ടിച്ചുരുക്കി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും അധ:പതിച്ചതുമായി അടയാളപ്പെടുത്തിയ അദ്ധ്യായത്തിൽ തടങ്കൽ പാളയത്തിൽ തടവിലാക്കപ്പെട്ട രദ് നോട്ടി മരണം വരെ കവിത എഴുതി. ഷോഹയെ


അതിജീവിക്കുവാനുള്ള അദ്ദേഹത്തിന്റെ ഏക കവിതാ സമാഹാരമായിരുന്നു അദ്ദേഹത്തിന്റെബോർ നോട്ട് ബുക്ക്. വിദ്വേഷത്തിന്റെ ഇരുട്ടിനെ വിശ്വാസത്തിന്റെവെളിച്ചത്തിൽ പ്രകാശിപ്പിച്ചു എന്ന് പറഞ്ഞ പാപ്പാ നമ്മുടെ


സ്വരങ്ങളും സ്വർഗ്ഗത്തിൽ നിന്നും നമുക്ക് നൽകിയ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും വചനം പ്രതിധ്വനിപ്പിക്കുന്നതിൽ പരാജയപ്പെടരുതെന്നും വ്യക്തമാക്കി. ആഴത്തിലുള്ള  വേരുകൾ ഉണ്ടെങ്കിൽ മാത്രമേ നമുക്ക്


ഉയരങ്ങളിലെത്താൻ കഴിയൂ. അത്യുന്നതനും മറ്റുള്ളവരും പറയുന്നത് കേൾക്കുന്നതിൽ നാം വേരൂന്നിയാൽ  നമ്മുടെ സമകാലികരെ പരസ്പരം അംഗീകരിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കും. നമ്മൾ സമാധാനത്തിന്റെ


വേരുകളും ഐക്യത്തിന്റെ തളിരുകളുമായി മാറിയാൽ മാത്രമേ പ്രതീക്ഷകൾക്കു പൂവണിയാൻ കഴിയു എന്ന  ആഗ്രഹത്തോടെ നമ്മെ നോക്കുന്ന ലോകത്തിന്റെ കണ്ണിൽ നമുക്ക് വിശ്വസനീയരാണെന്ന് അറിയിക്കാൻ കഴിയും എന്നു


പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ അവർക്ക് നന്ദി പറയുകയും അവരുടെ യാത്രയിൽ സ്ഥിരതയോടെ മുന്നേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം ഉപസംഹരിച്ചു.